Design a site like this with WordPress.com
Get started

കൊലുസ്സ് കിലുങ്ങുന്ന പെനാലിറ്റി കിക്ക്……

ഒരു പെനാൽറ്റി കിക്ക്ന്റെ ആരവം ഉയർന്ന ആവേശം…. കൊലുസ് കിലുങ്ങുന്ന സാരി ചുറ്റിയ കാലുകളിൽ പടർന്നു കയറിയത് മറന്നു തുടങ്ങിയ ഒരു യവ്വനത്തിന്റെ ചോരത്തുടിപ്പ് തന്നെയായിരുന്നു…

കാടിനരുകിൽ ആ ചെറിയ ഫുട്ബാൾ ഗ്രൗണ്ടിൽ കൗമാരകരായ ആൺകുട്ടികൾ അവരുടെ പെർമിഷൻ വാങ്ങി ഞങ്ങൾ വൈകുന്നേരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ട്രൈബ് വാർഡ് ആയ വട്ടപ്പൻകാട് ൽ എത്തുമ്പോൾ ഇതിനൊക്കെ ആരെങ്കിലും മെനെക്കെട്ട് വരുമോ എന്ന ആശങ്ക ഞങ്ങൾ പങ്കുവെച്ചു. Cds ന്റെ ചെയർപേഴ്സൺ ഷില്ലി തന്റെ വാർഡിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ ശൂന്യമായൊരു പ്രതീക്ഷ മാത്രം. കമ്മ്യൂണിറ്റി കൗൺസിലർ മല്ലിക അവിടെ ഒരു ഫുട്‌ബോൾ ടീം ഉണ്ടാക്കി വന്നിട്ടുണ്ടായിരുന്നു. ലഹരി വിരുദ്ധ പരിപാടിയുമായി പലവട്ടം കുട്ടികളിൽ അവബോധക്ലാസുകൾ നടത്താൻ അത് അവളെ പലപ്പോഴും സഹായിച്ചിട്ടുമുണ്ട്.

സർക്കാർ ഇത്തവണ ഫുട്ബാൾ ആണ് ലഹരി എന്ന ആശയം മുന്നിൽ വച്ചുകൊണ്ട് ഗോൾ ചലഞ്ച് എന്ന പേരിൽ ഒരു പരിപാടി ആവിഷ്കരിക്കുകയും, അതിൽ കുടുംബശ്രീയും അണിചേരുന്നു എന്ന അറിയിപ്പ് വന്നതോടെ ശരിക്കും ഞാൻ ഒരു ആശങ്ക പങ്കുവെച്ചു… എന്തിന് ❓️❓️പക്ഷേ മല്ലിക മറുപടി ഒന്നും പറഞ്ഞില്ല വൈകുന്നേരം 5 മണിക്ക് ആണ് പരിപാടി നീ വാ… അവൾ അത്രയും പറഞ്ഞവസാനിപ്പിച്ചു.

ഞാൻ അത് പറയുവാൻ കാരണം അന്ന് രാവിലെ കണ്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ വളരെയേറെ ചിന്തിപ്പിച്ചത് കൊണ്ടായിരുന്നു.അത് ഇങ്ങനെ ആയിരുന്നു 👇

ഇത്രയേറെയൊന്നും പറയാൻ ആയില്ലഎങ്കിൽ പോലും പറയാൻ വേണ്ടിയെങ്കിലും ഓർത്തെടുക്കാൻ ഒരു പാടത്തെ ആവേശം ഉയർന്ന ഒരു കായിക വിനോദമെങ്കിലും നമുക്ക് ഉണ്ടോ… ഉണ്ടെന്ന് പറയാൻ കഴിയുന്നവളെ കുറച്ചേറെ അസൂയയോടെ മാത്രമേ കാണാൻ കഴിയൂ… ക്ഷമിക്കണം.

ഒടുവിൽ എന്തായാലും ഞങ്ങൾ പോയി. കാടിനുള്ളിലേക്ക് ആണ് യാത്ര. ശിശിരകാലം അതിന്റ അന്തസ്സ് കാണിച്ചു നിൽക്കുന്നതിനാലും കാടായതിനാലും തണുപ്പ് അരിച്ചുകയറി തുടങ്ങി… അവിടെ എത്തുമ്പോൾ ഗ്രൗണ്ടിൽ കുട്ടികൾ മാത്രം. പ്രതീക്ഷയൊക്കെ കെടുന്നത് പോലെ. ഞങ്ങൾ ഒരു അരമണിക്കൂർ കാത്തു നിന്നിട്ടുണ്ടാവണം. ചെയർപേഴ്സണും, മല്ലികയും ആരെയൊക്കെയോ തിരക്കിട്ടു വിളിക്കുന്നു. എന്റെ ഫോണിന് റേൻജ് ഇല്ലാത്തതിനാൽ.. ഞാൻ വണ്ടിയിൽ കുട്ടികളെ നോക്കിയിരുന്നു. പതുക്കെ റോഡിനു രണ്ടു വശത്തുനിന്നും കുടുംബശ്രീക്കാർ എത്തി തുടങ്ങി… നല്ലൊരു ആൾക്കൂട്ടം ഉണ്ടായിതുടങ്ങി. നേരം ഇരുട്ട് വീഴാനും തുടങ്ങിയിരുന്നു.

കുട്ടികളോട് മല്ലികയ്ക്ക് നല്ലൊരു അടുപ്പം ഉണ്ടായിരുന്നതിനാൽ അവൾ അവരോട് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും ചോദിച്ചു. ഒടുവിൽ ഗോൾ പോസ്റ്റിനു മുന്നിൽ ഒരു ഫുട്‌ബോൾ കൊണ്ട് വച്ചു. മുന്നിലൊരു ഗോളിയും. എല്ലാവരുടെയും മുഖത്തു എന്തോ നേടാൻ ഉള്ളൊരു ആത്മവിശ്വാസം. ആദ്യത്തെ പന്ത് തട്ടി വാർഡ് മെമ്പർ ഉദ്ഘടാനം നടത്തി. പിന്നാലെ ആശങ്ക ഒന്നുമില്ലാതെ ഓരോരുത്തരും അതീവ ആവേശത്തോടെ ഗോൾ അടിച്ചുകൊണ്ടേയിരുന്നു…. വീണ്ടും വീണ്ടും അവർ ആവേശത്തോടെ പാഞ്ഞടുത്തു..ഒരു കിക്ക്നും കുട്ടികൾ ആർപ്പ് വിളിച്ചതോടെ കണ്ടു നിന്നവർക്കും ഹരമേറി.

ഓരോ ചിത്രങ്ങളും ഞാൻ എന്റെ ഫോണിൽ പകർത്തവെ മനസ്സിൽ പതിഞ്ഞത് അവരുടെ ഹൃദയത്തിലെ ചിത്രങ്ങൾ ആയിരുന്നു………………..

ഞങ്ങൾ തിരിച്ചു ഇറങ്ങുമ്പോൾ ഇരുട്ട് പടർന്നിരുന്നു.. തണുപ്പ് കൂടി കൂടി വരുന്നു.മല്ലിക എന്നോട് പറഞ്ഞു. നിനക്ക് ഇന്നലത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയോ.. ഞാൻ ഒന്ന് പുഞ്ചിരിച്ചു. നീ നോക്കിക്കോ ഞാൻ ഒരു വനിതാ ഫുട്‌ബോൾ ടീം ഉണ്ടാക്കും.. ഒന്നിനും വേണ്ടിയല്ല… ചിലതൊക്കെ അവർക്ക് ബോധ്യമാകാൻ വേണ്ടി. അവളുടെ ആ ആത്മവിശ്വാസത്തിൽ ഞാൻ മൗനം പാലിച്ചതെയുള്ളൂ…

നാളെ മുതൽ എല്ലാ വാർഡിലും നടത്തണം.. ഞങ്ങൾ കാടിറങ്ങി കഴിഞ്ഞിരുന്നു അപ്പോഴേക്കും…

മൂന്നാല് ദിവസം കഴിഞ്ഞു മല്ലിക ഓഫീസിൽ വന്നപ്പോൾ പറഞ്ഞു ടീ ഞാൻ ഏകദേശം എല്ലാ വാർഡും കവർചെയ്തു…. മ്മ് എനിക്കു ഫീഡ് ബാക്ക് കിട്ടി കൊറേ വാട്സാപ്പ് മെസേജും…നീ അന്ന് പറഞ്ഞ ഫുട്‌ബോൾ ടീം സീരിയസായിട്ട് ആലോചിക്കാവുന്നതാണ്… അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ഓഫീസിലേക്ക് നടന്നു.

കൊലുസ്സ് ഇട്ട കാലുകളിലെ ഫുട്‌ബോൾ വിപ്ലവം ചിലരിൽ ഉണ്ടാക്കിയതു ചെറുതല്ലാത്തൊരു വസന്തം തന്നെയാണ്……….

ഓർമ്മകൾ മണക്കുന്ന അത്തർ……

നീതു… വരുന്ന ഞായറാഴ്ച എന്റെ ഓഫീസിലെ ഒരു പയ്യന്റെ കല്യാണം ആണ്. പോകേണ്ടതാണ് , എന്ത്‌ വാങ്ങി കൊടുക്കും. നല്ലൊരു ഷർട്ട്‌ വാങ്ങി കൊടുക്കാം വിനുവേട്ടാ.. അതാണ് നല്ലത്. Mmm നോക്കട്ടെ. എന്നാ ഞാൻ വയ്ക്കാണ് ടീ ഇത്തിരി തിരക്കായിരുന്നു, ഒന്ന് കുളിക്കണം പാത്തുനെ ഞാൻ പിന്നെ വിളിക്കാം.. Mm ശരി വിനുവേട്ടാ..

ഫോൺ ചാർജ്നിട്ട് അടുക്കളയിലെ പാത്രങ്ങളോട് മല്ലിട്ട് സമയം കടന്നു പോയി. പാത്തു നീ കിടക്കണില്ലേ നേരം എന്തായിന്ന് അറിയോ നാളെ സ്കൂൾ ഉണ്ട്… അച്ഛൻ വിളിച്ചില്ല അമ്മാ.. അവൾ ചിണുങ്ങികൊണ്ടിരുന്നു . നീ ഫോൺ എടുത്തു വിളിക്ക്,പെട്ടന്ന് വേണം. എന്നിട്ട് വേഗത്തിൽ ഉറങ്ങിക്കോ. അവൾ ഫോണിൽ അച്ഛനോട് വിശേഷങ്ങൾ പറയുന്ന തിരക്കിലേക്ക് ഇരുന്നപ്പോൾ. നീതു തന്റെ അലമാര തുറന്നു എന്റെ പ്രിയപ്പെട്ട നീല സാരി ഇതൊന്ന് തേയ്ച്ചു വയ്ക്കണം. പിന്നീടു ഇനി സമയം കിട്ടിയില്ലെങ്കിലോ….

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട സാരിയായിരുന്നു അത്. ഇളം നീലയിൽ വെള്ള നൂലിനാൽ നിറയെ എംബ്രോയ്ഡറി വർക്കുകൾ ചെയ്ത കോട്ടൺ സാരി.. മെല്ലെ എടുത്തു തോളോട് ചേർത്ത് വച്ച് നോക്കി കണ്ണാടിയിലൂടെ ഒന്ന് പുഞ്ചിരിച്ചു.

അമ്മാ.. ഞാൻ ഉറങ്ങാൻ കിടന്നു കേട്ടോ.. അച്ഛൻ വിളിച്ചു കഴിഞ്ഞോ.. കഴിഞ്ഞു അമ്മ. ഞാൻ ഉറങ്ങട്ടെ. Mm ഉറങ്ങിക്കോ അവളെ പുതയ്ച്ചു ലൈറ്റ് ഓഫ് ചെയ്തു. അവൾ മുറിയിൽ നിന്ന് ഇറങ്ങി. നാളെ ഒത്തിരി തിരക്കുള്ള ദിവസം ആണ്. നേരെത്തെ ഓഫീസിൽ എത്തണം.

ദിവസങ്ങൾ മെല്ലെ കടന്നു പോയി. അല്ലെങ്കിലും ഈ ശനിയാഴ്ച ഓഫീസിൽ പൊതുവെ തിരക്ക് കുറവാണ്. ആൻസി നീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ശരിയാ… വീട്ടിൽ ഒത്തിരി പണിയുണ്ടെടീ നമുക്ക് നേരെത്തെ ഇറങ്ങിയാലോ.. നീ സാറിനോട് ചോദിക്കോ.. Mm ബെസ്റ്റ് അയാളൊരു സൈക്കോ ആണ് നിനക്ക് അറിയാല്ലോ ഞാൻ ഇല്ല… നീ പോയെ നീ ഒന്ന് ചോദിക്കെടീ പ്ലീസ്. Mm ശരി തെല്ലു നീരസത്തോടെ ആൻസി സമ്മതിച്ചു.

ഞാൻ അപ്പോഴേ പറഞ്ഞതാ അയാള് സമ്മതിക്കില്ലന്ന് ഇപ്പൊ തൃപ്തിയായോ മാഡത്തിന്.. ദേഷ്യത്തോടെ നീതുവിനോട് പിറുപിറുത്തു കൊണ്ട് അവൾ കസേരയിൽ ഇരുന്നു.

നോക്കി ദാഹിപ്പിക്കണ്ട നിനക്ക് ഞാൻ ജൂസ് വാങ്ങി തരാം പോരേ… ക്ഷമിക്കെടീ…………

Mm ശരി..

ഓഫീസിൽ നിന്ന് ഇറങ്ങി അവർ ബസ്സ്റ്റോപ്പിലേക്ക് നടന്നു. മോള് വന്നു കാണോ ആൻസി ചോദിച്ചു. അമ്മ വിളിച്ചിട്ടുണ്ടാകും പാത്തുനെ… അവർ ഇരുവരും യാന്ത്രികമെന്നപോലെ നടന്നു. ദീർഘ നേരെത്തെ മൗനത്തിനു ശേഷം നീതു ആൻസി യുടെ കൈയിൽ ഒന്ന് മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു, എന്തായി നിന്റെ കല്യാണക്കാര്യം.

Mm പുച്ഛത്തോടെ ഒന്ന് ഇരുത്തി മൂളിയതിനു ശേഷം അവളൊന്നു ചിരിച്ചു. ഒന്നുമായില്ല . കല്യാണം കഴിച്ചില്ലെങ്കിൽ എന്താ നാട് കടത്തോ. നടക്കട്ടെ അല്ലേലും ഞാനും മമ്മിയും കൂടി കൂട്ടിയാൽ കൂടില്ലന്നെ ഈ കണ്ട പ്രാരാബ്ദത്തിനിടയിൽ പ്രേമിക്കാൻ ഒന്നും തോന്നിയില്ല ഇല്ലെങ്കിൽ ഒളിച്ചോടി പോകാമായിരുന്നു അവൾ പൊട്ടി ചിരിച്ചു.

ബസ് വന്നതിനാൽ നീതു യാത്ര പറഞ്ഞു ബസിൽ കയറി. പതിവ് പോലെ തിരക്ക് തന്നെ. ഇടയ്ക്കെപ്പോഴോ ഇരിക്കാൻ സീറ്റ് കിട്ടി. അര മണിക്കൂർ കൂടി ഉണ്ട് സീറ്റിൽ ചാരി കണ്ണടച്ചിരുന്നു. ലൈഫിൽ എല്ലാരും സ്ട്രാഗിൾ ചെയ്യുന്നുണ്ട് കൊറെയേറെ കാട് കയറി തിരിച്ചു വന്നപ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി. കുറച്ചു നടന്നു വേണം വീട്ടിൽ എത്താൻ ജോലി, യാത്ര ക്ഷീണം കൊണ്ടൊക്കെ ഒന്ന് വീട് എത്തിയാൽ മതി.

വിനുവേട്ടൻ വരുന്നതാ. വീട് വൃത്തിയാക്കണം, ഭക്ഷണം ഉണ്ടാക്കണം, വേഗത്തിൽ നടന്നു

അയാളുടെ നെഞ്ചിടിപ്പ് കാതോർത്തു അമർന്നു കിടന്നു….അഴിഞ്ഞു കിടന്ന തലമുടിയാകെ അയാളുടെ കൈകൾ പരന്ന് നടന്നു….

നാളെയല്ലേ കല്യാണം. ഞാനും കൂടി വരട്ടെ. ഏയ്‌ എന്തിനാ അവിടെ അങ്ങനെ ഭയങ്കര ഫങ്ക്ഷന് ഒന്നുമല്ല.. ഞാൻ ഒന്ന് പോയി ഉടനെ വരും. Mmm

രാവിലെ പാത്തു മുറ്റമാകെ എന്തോ തിരക്കി നടക്കുന്നുണ്ടായിരുന്നു. അവളുടെ കന്യാകുമാരിയിൽ നിന്ന് പെറുക്കി എടുത്ത ചിപ്പി കളെ കാണാൻ ഇല്ലത്രെ……കൂടെ അച്ഛനും കൂടി പാത്തു നീ വരുന്നുണ്ടോ വൈകുന്നേരം അച്ഛന്റെ കൂടെ ഒരു കല്യാണത്തിന്. അത്‌ കേട്ടതും അവൾ തുള്ളിചാടി നടന്നു. ഇഷ്ട്ടമുള്ള വസ്ത്രങ്ങൾ മൊത്തത്തിൽ പരതി.. പിന്നെ വല്ലപ്പോഴും അച്ഛന്റെ കൂടെ പുറത്ത് പോകാൻ കിട്ടുന്ന അവസരം.. അവളാകെ സന്തോഷത്തിൽ ആയി. നീതു വൈകുന്നേരം അവളെ റെഡി ആക്കി. നല്ല ഇളം നീല നെറ്റ് ന്റെ ഫ്രോക്. അവൾ സുന്ദരിയായ്. നീതു എന്റെ ഷർട്ട്‌ തേയ്ച്ചോ…. ആ ഏട്ടാ നിങ്ങളുടെ അലമാരയിൽ ഉണ്ട്.

അവർ പോയി കഴിഞ്ഞു. അവൾ തന്റെ അലമാരയുടെ അരികിലേക്ക് പോയി അതിന്റ ഓരത്തു തീർന്ന് പോയൊരു അത്തർകുപ്പി ഉണ്ടായിരുന്നു. അതിന്റ മൂടി തുറന്നു അവൾ മെല്ലെ മണത്തു നോക്കി.. തെല്ലു നേരം കണ്ണടച്ചവൾ. അതിനു പുതു മോടിയുടെ മണമാണ് അത്രേ…..

കണ്ണാടിയിലെ ചെറിയ പൊടി തുടച്ചു തന്റെ മുഖം കണ്ണാടിയിൽ ഒന്ന് നോക്കി.. വല്ലാതെ വിളറിയിരിക്കുന്നു. വെയിലിന്റെ അലച്ചിലിന്റ കരുവാളിപ്പ്.. തലമുടി ആകെ നരയ്ക്കാൻ തുടങ്ങിയിരിക്കുന്നു… ചുണ്ടുകൾ വരണ്ടു പോയി.. ഹൃദയത്തിന് എന്തോ ഭാരം പോലെ. അത്‌ കൊണ്ടെന്തോ കണ്ഠം ഇടറി……..,…

ഊര് ഉറങ്ങുമ്പോൾ

തിരുവനന്തപുരം ജില്ലയുടെ വടക്കുഭാഗം,നന്ദിയോട് ഒരു മലയോരഗ്രാമമാണ്. ചരിത്രവും ഭൂമിശാസ്ത്രവുമൊക്ക തേടി പോയാൽ ചേര, ചോള,പാണ്ട്യ രാജാക്കൻ മാരുടെ കാലത്തേക്ക് കടന്നു ചെല്ലേണ്ടി വരും…

ഏകദേശം 40% ട്രൈബ് മേഖലയുള്ള ഗ്രാമപ്രദേശങ്ങളാണ്. വന്നു ചേർന്നവർ വനം മേഖല സംഘടിപ്പിച്ചു കൃഷികളാരംഭിച്ചു. പിന്നീട് അതിൽ ഭൂരിപക്ഷം പേരും വിദ്യാഭ്യാസ മേഖലയിലൂടെയും മറ്റും വളർന്നു തൊഴിൽ നേടുകയും കൃഷിയിലൂടെ സാമ്പത്തിക ലാഭം കൈവരിക്കുകയും ചെയ്ത് ഒരു വലിയ വിഭാഗക്കാർ ഉണ്ടെങ്കിൽ കൂടിയും ഇന്നും സമൂഹത്തിന്റെ താഴെതട്ടിൽ നിന്ന് ജീവിതനിലവാരത്തിൽ മാറ്റമുണ്ടാകേണ്ടത് ഇല്ല എന്ന് കരുതി ജീവിക്കുന്നവരും ഉണ്ട് എന്നതാണ് മറ്റൊരു വസ്തുത.

കാരണം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാമിഷൻ ബ്ലോക്ക് കോർഡിനേറ്റർ ആര്യ ഒരു ഊര് സന്ദർശിക്കണം എന്ന ആവശ്യവുമായി Cds നെ സമീപിക്കുമ്പോൾ വഴിയരികിൽ ഇടതൂർന്ന വൻ മരങ്ങൾ ഉള്ള മനോഹരമായ ഒരു വനവീഥി ശുപാർശ ചെയ്തു കൊടുക്കുമ്പോൾ മനസ്സിൽ മറ്റൊന്നുമില്ല..വെയിൽ വീഴാത്ത വഴികളിലൂടെ ഒരു വയനാടൻ യാത്ര പോലെ അവർ പോയി വരട്ടെ എന്നെ കരുതിയിരുന്നുള്ളൂ. കൂടെ CDS ന്റെ ചെയർപേഴ്സൺ ഷില്ലി ചേച്ചിയെയും കമ്മ്യൂണിറ്റി കൗൺസിലർ മല്ലിക യെയും പറഞ്ഞു വിടുമ്പോൾ അത് എന്തെങ്കിലും പോസിറ്റീവ് വൈബ് ഉണ്ടായിക്കോട്ടെ എന്നും കരുതി. എന്നിട്ട് ഒടുവിൽ മല്ലിക യുടെ നിർബന്ധം കാരണം ആ മേഖല ഒന്ന് മാറ്റി ചിന്തിക്കണം എന്ന അഭിപ്രായത്തിന്റെ പുറത്ത് മറ്റൊരു ഊര് കാണാം എന്ന തീരുമാനമായ്. കൃഷിയുംമറ്റുമായി ഉപജീവനം നടത്തുന്ന പനയമുട്ടം സെറ്റിൽമെന്റ് കാണാൻ അങ്ങനെ അടുത്ത ഒരു Cds മെമ്പറുമായ് ടീം പുറപ്പെട്ടു. ഏകദേശം ഉച്ച രണ്ടു മണി.

തിരുവനന്തപുരം തെങ്കാശി റോഡിൽ നിന്ന്ഉള്ളിലേക്ക് കടന്നു ഒരു ഓട്ടോ മാർഗ്ഗം അവർ യാത്ര തുടർന്ന്. ചുറ്റും വ്യവസായവൽക്കരിക്കപ്പെട്ട വനങ്ങൾ.. ഉള്ളിലേക്ക് കടക്കുംതോറും വലിച്ചെറിയപ്പെട്ട മാലിന്യങ്ങളുടെ കൂമ്പാരം, പല വളവുകളിലും ജൈവ /ഇറച്ചി മാലിന്യങ്ങളുടെ ദുർഗന്ധം. കാടിന്റെ നിശബ്ദത വിഴുങ്ങുന്ന ദുർഗന്ധം. കൊറെയേറെ ദൂരം പോയതിനു ശേഷം ഒരു കോൺക്രീറ്റ് ഇടറോഡ് കുത്തനെ വളവുകൾ ഉള്ള ഇറക്കം. ഇവിടെ ഒന്ന് നോക്കിയിട്ട് പോകാം എന്ന് ഉദ്ദേശിച്ചു ഓട്ടോ വെയിറ്റ് ചെയ്യാൻ പറഞ്ഞു നിർത്തി. ഇറങ്ങുമ്പോൾ അവിടം സ്വാഭാവിക വനം തന്നെയായിരുന്നു. കാട്ടുവാള്ളികാളും, വൻ മരങ്ങളും, കൽവിളക്കുള്ള കാവും ആകെ കൂടി ഒരു തണുത്ത അന്തരീക്ഷം. കുറച്ചു ദൂരം കുത്തനെ ഒരു ഇറക്കം ഇറങ്ങി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന കുത്തനെ ഉള്ള ഒരു ഇടവഴിയിലൂടെ അവർ നടന്നു. അങ്ങിങ് വീടുകൾ ഉണ്ട്.

L

ടീം ഒരു വീട്ടിൽ ചെല്ലുമ്പോൾ ഒരു സ്ത്രീ വൃത്തിഹീനമായ സ്വന്തം വീടിന്റെ തറയിൽ കിടക്കുകയാണ്. അരുകിൽ ഒരു മകൾ. അടുക്കളയും മുറിയും ഹാളും എല്ലാം തൂത്തു വൃത്തിയാക്കിയിട്ട് മാസങ്ങൾ ആയത് പോലെ. പരിസരം വർണ്ണിക്കാൻ ആകാത്ത വിധം… 17-18 pmay വഴി ലഭിച്ച വീട് ആണ്. Odf വഴി ലഭിച്ച കക്കൂസ് ആയിരിക്കണം.. കാരണം അവർ എല്ലാ ആനുകൂല്യങ്ങൾക്കും മുൻഗണന വിഭാഗം തന്നെ ആയിരുന്നു. പക്ഷേ ടോയ്ലറ്റ് നു പറയാൻ പോലും ഡോർ പോലും ഉണ്ടായിരുന്നില്ല. അവർ എത്തുമ്പോൾ 3 മണി കഴിഞ്ഞിരുന്നു അത് വരെയും ആ വിട്ടിൽ കഞ്ഞി പോലും വച്ചിരുന്നില്ല. ഏഴ് ലും രണ്ടിലും പഠിക്കുന്ന രണ്ടു കുട്ടികൾ അന്ന് പട്ടിണി ആയിരുന്നിരിക്കണം. മൂത്ത കുട്ടി ഒരു മോൻ ആണ്, മറ്റേതു മോളും. അമ്മ കാലിന് സ്വാധീനം ഇല്ലാത്ത ഒരു സ്ത്രീ ആയിരുന്നു. വായ മുഴുവൻ മുറുക്കി ചുവന്ന കറ.. ആ മക്കളോട് വിശേഷങ്ങൾ തിരക്കിയപ്പോൾ അവളുടെ വായയാകെ വെറ്റില മുറുക്കി ചുവന്നിരുന്നു. ഒരു ഞെട്ടലോടെ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു.. ആ കുട്ടികൾ ജൂൺ 1 നു സ്കൂളിൽ പോയത് ആണത്രേ അടുത്ത വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.. മര്യാദക്ക് സ്കൂളിൽ എങ്കിലും പോയിരുന്നു എങ്കിൽ സ്കൂളിലെ ഭക്ഷണം എങ്കിലും ലഭിച്ചേനെ എന്ന് നെടുവീർപ്പെട്ടു. ഭർത്താവ് നിത്യ മദ്യപാനി… വീട്ടിൽ പലപ്പോഴും വിഷയമാണ് എന്ന് അയല്പക്കത്തെ സഹോദരി അറിയിച്ചു. പഞ്ചായത്ത്‌ വഴി ലഭിച്ച ഒരു മഴവെള്ള സംഭരണി വെറുതെ ഒന്ന് തുറന്നു നോക്കി അഴുകിയ മലിന ജലം ഒപ്പം തീനീച്ച കൂട് ഇളകിയത് പോലെ കൊതുകുകൾ. അടുത്ത വീട്ടിൽ എവിടെയോ TB ആണെന്നും പറയുന്നുണ്ടത്ര.. വളരെ നിശ്ചലമായി ഞങ്ങളുടെ ടീം വനം ഇറങ്ങി.. ഓഫീസിൽ എത്തിയിട്ടും ആരുടേയും ഞെട്ടൽ മാറുന്നുണ്ടായിരുന്നില്ല.10 വീട് എടുത്താൽ ഒരു പക്ഷേ 1 വീട് ഇങ്ങനെ തന്നെ ആണ് എന്ന നിഗമനത്തിലേക്കാണോ അകകാഴ്ചകൾ കൊണ്ട് പോകുന്നത് എന്ന് അറിയാൻ വയ്യ… ഇന്നും വനത്തിനുള്ളിൽ പ്രകൃതമായി തന്നെ എന്തിനാണ് ഇവർ ജീവിക്കുന്നത് ഇത്രയേറെ താഴെക്കിടയിൽ സൗകര്യങ്ങൾ ഒരുക്കാൻ ഒരു സിസ്റ്റം ഉള്ളപ്പോൾ.

തുടർന്ന് വെറുതെ ഇരിക്കാൻ മല്ലികയും ചെയർപേഴ്സണുമൊന്നും തയ്യാറായില്ല.. അവർ കഴിയുന്നത്ര പഴയ നല്ല വസ്ത്രങ്ങൾ, ചെരുപ്പ്, പലഹാരങ്ങൾ, അരി അങ്ങനെ കഴിയുന്നതൊക്കെ പലപ്പോഴായി കൊണ്ട് എത്തിച്ചുകൊണ്ടിരുന്നു.. മല്ലിക സ്നേഹിതയിൽ റിപ്പോർട്ട്‌ ചെയ്തതിന്റെ ഭാഗമായി സ്നേഹിതയിൽ നിന്നും ദിവ്യ ചൈൽഡ്ലൈൻ അറിയിക്കുകയും കുട്ടികളുടെസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി അവരെല്ലാം ഓടി നടന്നു.. ഞാൻ ഇതൊക്കെ മറന്നു എന്റെ തിരക്കുകളിലേക്ക് മുഴുകിയപ്പോൾ മല്ലിക ഇതിനൊക്കെ പിന്നാലെ തന്നെ നടന്നു…. എന്നിട്ടും എല്ലാവരും മല്ലികയോട് ചോദിച്ചു എത്ര വീട്ടിൽ കൊടുക്കും എത്ര കുട്ടികളെ താലോലിക്കും… ❓️

ഇന്ന് ഞാനും അവളോടൊപ്പം പോയി. വീണ്ടും വന്നപ്പോൾ ആ 6 വയസ്സുകാരി ആ അമ്മയുടെ പുറകിൽ ഒളിക്കുന്നുണ്ടായിരുന്നു. വീടും പരിസരവും ഒരു വിധം വൃത്തിയാക്കി ഇട്ടിരിക്കുന്നു.12 മണി കഴിഞ്ഞിട്ടും ഇന്നും അടുപ്പ് കത്തിച്ചിട്ടില്ല അന്വേഷിച്ചപ്പോൾ മകൻ പഴംങ്കഞ്ഞി കുടിച്ചു പെൺകുട്ടി ഒന്നും കഴിച്ചിട്ടില്ല മല്ലിക കൊണ്ട് വന്ന ബിസ്കറ്റും, മിട്ടായികളും കുട്ടികളെ ഏല്പിച്ചു. ഇന്നലെ ആരോ വന്നു കുട്ടികളെ ട്രൈബ് ഹോസ്റ്റലിലേക്ക് മറ്റും എന്ന ഭയം കൊണ്ടാണത്ര അവൾ ഭയന്ന് ഒളിക്കുന്നത് എന്ന അയല്പക്കത്തെ ചേച്ചി പറയുന്നുണ്ടായിരുന്നു. അമ്മയുടെ അരികിൽ നിന്ന് കൊണ്ട് പോകില്ല എന്ന ആശ്വാസവാക്കുകൾ അവരിൽ ഒരല്പം വെളിച്ചം വന്നതായി തോന്നി… അൽപനേരം കുശലന്വേഷണത്തിന് ശേഷം ഞങ്ങൾ ഊര് ഇറങ്ങുമ്പോൾ.. ഞാൻ ആലോചിച്ചു ഇവൾ എല്ലാക്കാലവും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കും ആയിരിക്കും.. ഞാൻ അത് ആലോചിക്കുമ്പോഴും മല്ലിക പറഞ്ഞു കൊണ്ടിരുന്നു അവൾക്ക് ഒരു ഉപജീവനമാർഗ്ഗം നമുക്ക് പിരിവെടുത്തായാലും ഉണ്ടാക്കി നൽകണം. പിന്നെ ആ ടോയ്‌ലെറ്റിൽ ഒരു ഡോർ ഇടണം ആ കിടപ്പ് മുറിയിലും.. ഞാൻ ഒന്നും സംസാരിച്ചില്ല….

കാട്ടിലെ ഊരുകളെല്ലാം ഇന്നും മണ്ണെണ്ണ വിളക്കിന്റ നുറുങ്ങു വെളിച്ചത്തിൽ ഉറങ്ങുകയാണ്…

നഷ്ടമായ പകലന്തികൾ

ഒരു വട്ടം കൂടി

5 ക്ലാസ്സുകാരിയുടെ വെള്ള യൂണിഫോം ഷർട്ട്‌ൽ കൂട്ടുകാരിയുടെ വീണുടഞ്ഞ മഷിക്കുപ്പിയിലെ നീല മഷി പടർന്നു. വീട്ടിൽ അമ്മയുടെ അടി ഭയന്ന് മാത്രം അന്നവൾ കരഞ്ഞു കൊണ്ട് വീട്ടിൽ പോയി. ഇടവഴിയിലെ വേലി ചെമ്പരത്തികളോടും, കരിനീല കാക്കപൂക്കളോടും തന്റെ സങ്കടം പറഞ്ഞു. ഇടച്ചാല് ചാടി അതിൽ മുഖം കഴുകി കമുകിൻ പറമ്പിലൂടെ നടന്നു പോയ ബാല്യം……

ഹൈ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു 12 വർഷങ്ങൾക്കിപ്പുറം ഇന്ന് ആ സ്കൂൾ വരാന്തകളിലൂടെ ഞങ്ങളിൽ കുറച്ചു പേർ നടന്നു. പല ക്ലാസുകളിൽ പഠിച്ചിരുന്ന ഞങ്ങൾ ഒരു ആവശ്യത്തിന്റെ പേരിൽ ഒരു ആവേശം കൊണ്ട് തന്നെ വന്നതാണ്. ഒന്നര മണിക്കൂർ കഴിഞ്ഞു പോയ തിരികെ വരാത്ത ഒരു ബല്യ കൗമാരം കണ്ടു കടന്ന് പോയി.സ്കൂൾ നൊസ്റ്റുയിൽ വരുന്ന സ്ഥിരം ക്ലീഷേ തന്നെ ആണ് ” സ്കൂൾ ഒത്തിരി മാറി പൊയി “

ശരിയാണ് ഓട് മേഞ്ഞ കെട്ടിടങ്ങൾ പകുതിയും പോയിരിക്കുന്നു. ബഹുനില കെട്ടിടങ്ങൾ. ഹയർ സെക്കന്ററി ക്ലാസുകൾ. പുതിയ അധ്യാപകർ. നമ്മുടെ പഴയ ടീച്ചർമാരൊക്കെ പോയി. പക്ഷേ നിത്യഹരിതം എന്ന പോലെ നിലവിലുള്ള പഠിപ്പിച്ച ടീച്ചർമാർക്ക് ആർക്കും വാർദ്ധക്യം ബാധിച്ചിട്ടില്ല. അത് എന്താവും എന്ന ചോദ്യത്തിന് ഒരു പക്ഷേ അവർ ഇപ്പോഴും ഒരേ ക്ലാസ്സിൽ തന്നെ ആണല്ലോ എന്ന് പറയുമെങ്കിലും സത്യാവസ്ഥ അത് തന്നെ ആണ് എന്നും എപ്പോഴും എല്ലാ കൊല്ലവും അതേ പ്രായക്കാർ.. ❤️ അപ്പൊ അവരൊക്കെ എങ്ങനെ വയസാകുവാനാണ്. ❤️

പക്ഷേ അത്ഭുതപ്പെടുത്തിയ മാറിയ കൊറെയേറെ മാറ്റങ്ങൾ ഉണ്ടായിരുന്നു. കൈയിൽ വടിയുള്ള സാറിനെ കാണുമ്പോ ഞങ്ങളുടെ ഒക്കെ കണ്ണിൽ ഉണ്ടായിരുന്ന ഒരു ഭയം ഇന്ന് ആരുടെ മുഖത്തുമില്ല. അതൊരു കോൺഫിഡൻസ് ആണെങ്കിൽ അതിൽ സന്തോഷിക്കണമോ, വിഷമിക്കണോ എന്ന് ഞാൻ പരസ്പരം ചോദിച്ചു. മറ്റൊരു സത്യാവസ്ഥയും ഉണ്ട്. നമ്മളൊക്കെ പഠിക്കുമ്പോൾ വരുന്ന വിശേഷ ദിവസങ്ങളും സയൻസും, ഗണിതവുമൊക്ക ചർച്ചകൾക്ക് വന്നപ്പോൾ ഓസോൺ പാളിയുടെ വിള്ളലിനെതിരെ ക്യാമ്പയിൻ നടത്തിയപ്പോൾ, പ്ലാസ്റ്റിക്നും ഫാസ്റ്റ് ഫുഡ്‌നുമേതിരെ പ്ലകാർഡ് ഉയർത്തിയപ്പോൾ ഇന്ന് സ്കൂളിൽ നടക്കുന്നത് ലഹരി വിരുദ്ധ ക്യാമ്പയിനുകളായിരുന്നു. ഇന്നലെക്കൂടി മകളുടെ സ്കൂളിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ മനുഷ്യചങ്ങല തീർത്തു, നടു റോഡിൽ സ്കിറ്റ് നടത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു മനോഹരമായ പലതും അങ്ങനെ അങ്ങനെ… എന്നിട്ടും ഡിമാൻഡ് ഇല്ലാതാക്കതെ വംശനാശം വരില്ല ലഹരി എന്ന നഗ്ന സത്യം മനസ്സിൽ വച്ച് ഞങ്ങൾ ദീർഘ നേരം മൗനമായി തന്നെ നിന്നു.

അന്നത്തെ ക്ലാസ്സ്‌ ടീച്ചർ ഇന്ന് ഹെഡ് മിസ്ട്രെസ്സ് ആണ്. ആദ്യം ചെന്ന് ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയും സ്റ്റാഫ് മീറ്റിംഗ്ൽ അവതരിപ്പിച്ചു നല്ലൊരു മറുപടി നൽകി സ്നേഹത്തോടെ ഞങ്ങളെ തിരിച്ചയക്കുമ്പോൾ ടീച്ചർ ഒരു വാക്ക് പറഞ്ഞു. നിങ്ങൾ 2010 ബാച്ച് മാത്രം ഇത് വരെ സ്കൂളിന്റെ സോഷ്യൽ ആക്ടിവിറ്റി കളിൽ പങ്കെടുത്തിട്ടില്ല ഞങ്ങൾ അത് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്ന് പറയാതെ പറഞ്ഞവസാനിപ്പിച്ചു. ആ പറഞ്ഞത് ഞങ്ങൾക്ക് വല്ലാത്തൊരു വിഷമം തോന്നി 12 വർഷത്തിനപ്പുറം ഞങ്ങൾ ആരും പഠിച്ച സ്കൂളോ, അധ്യാപകരെയോ, എന്തിനേറെ കൂടെ പഠിച്ചവരെപോലും നമ്മൾ ഓർക്കാതെ പോയി. അതിനൊരു നെഗറ്റീവ് നിമിത്തം ഉണ്ടാകേണ്ടി വന്നു എന്നതാണ് ഖേദകരം.

പക്ഷേ സ്കൂളിന്റെ വരാന്തയിലൂടെ നടന്നു …പടിക്കെട്ടുകളിറങ്ങുമ്പോൾ… ഞങ്ങൾ തമ്മിൽ പറഞ്ഞു ഇത്ര വർഷത്തിന് ശേഷം ഇവരൊക്കെ നമ്മളെ ഓർക്കുന്നുണ്ട് എന്ന വല്ലാത്ത സന്തോഷം. ഈ അധ്യാപകരുടെയൊക്കെ വിദ്യാർത്ഥി ആയിരിക്കാൻ കഴിഞ്ഞതും സുകൃതം ❤️❤️

പൂർവ വിദ്യാർത്ഥികൾ ഓർക്കേണ്ട ചിലതുണ്ട്… നമ്മുടെ സ്കൂൾ നമ്മുടെ വരവും പ്രതീക്ഷിക്ഷിച്ചിരിപ്പുണ്ട്. കാരണം അവടെ നമ്മുടെ ഒക്കെ പച്ചയായ ആത്മാവ് ഉറങ്ങുന്നുണ്ട്. 🙏🏻

ഒറ്റയ്ക്ക് നടന്നിട്ടുണ്ടോ ❓️

നമ്മുടെ ഒക്കെ happiness നമ്മൾ തന്നെയാണ് എന്ന് തിരിച്ചറിയാൻ തുടങ്ങുമ്പോൾ. ചിലർ അവരവരുടെ സന്തോഷങ്ങളിലും സൗഹൃദങ്ങളിലും ലോകം കാണുമ്പോൾ നമ്മൾ ഒറ്റയ്ക്ക് നടക്കാൻ തുടങ്ങും.

ഒറ്റയ്ക്ക് നടന്നിട്ടുണ്ടോ ❓️

ഇലകൊഴിയുന്ന മഞ്ഞിറങ്ങുന്ന ശിശിര കാലത്ത്തിനെ തിരിച്ചറിഞ്ഞു കൊണ്ട്, ഓർക്കാൻ ഒരു പ്രണയകാലമില്ലാത്ത വർഷകാലത്തിലേക്ക് നനഞ്ഞു കൊണ്ട് വേനൽ അവസാനിക്കുമ്പോൾ വഴിയരികിൽ പൂക്കാറുള്ള ഇളം പർപ്പിൾ നിറമുള്ള വേലി ക്കൊന്നകളുടെ അരികിലൂടെ….മഞ്ഞിന്റെ വസന്തകാലം അവധിക്ക് പോകുംന്നത് അറിഞ്ഞു കൊണ്ട്,പൂക്കൾക്ക് നിറം മങ്ങുന്നതും മഴ ആർത്തുലഞ്ഞു കരകവിഞ്ഞു പോകുന്നതും …. നീല രാത്രികളിൽ ചന്ദ്ര വെളിച്ചം പൂത്തുലഞ്ഞു നിൽക്കുന്നതും, ഇതൊക്കെ ഭൂമിയിൽ ഉണ്ടെന്ന് അറിയണമെങ്കിൽ ചിലപ്പോൾ ഒക്കെ ഒറ്റയ്ക്കു നടന്നു നോക്കണം..

തിരക്കുകൾക്കിടയിൽ എവിടെയാണ് നമുക്കൊക്കെ വസന്തം. ആറു മണികഴിഞ്ഞാൽ ഒറ്റയ്ക്ക് നടക്കാൻ ഞാൻ ജനിച്ചു വളർന്ന എന്റെ നാട്ടിൽ മറ്റുള്ളവരുടെ ബോധ്യത്തിന് വേണ്ടി മാത്രം ഓട്ടോ വിളിച്ചു പോകേണ്ടി വന്നിരുന്ന എനിക്കു ഒരിക്കൽ ഒരു 7 മണിക്ക് ഓട്ടോക്ക് കാശില്ലാത്തതിനാൽ പതുക്കെ ബസ് ഇറങ്ങി നടന്നു. നടക്കേണ്ടി വന്നു.ഇന്നിപ്പോ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന മുൻവിധിയോടുകൂടി അരണ്ട മഞ്ഞ വെളിച്ചം വീഴുന്ന വഴി ഞാൻ എന്നും നടന്നു പോകുമായിരുന്നിട്ടും എനിക്കു വല്ലാത്തൊരു അപരിചിതത്വം തോന്നി ഞാൻ നടന്നു . ആ പരിചയമില്ലായ്‌മ ഒരു പക്ഷേ ആ മനോഹാരിതയിലായിരിക്കണം. പകൽ ഞാൻ കണ്ട മഞ്ഞ പൂക്കൾ അതിലേറെ മനോഹരമായി രാത്രിയുടെ ആരംഭത്തിൽ നിലകൊള്ളുന്നു. ചെറിയ തണുപ്പ് അരിച്ചുകയറുന്ന കാറ്റ് വീശികൊണ്ടേയിരിക്കുന്നു.അരണ്ട മഞ്ഞ വെളിച്ചത്തിൽ വഴികൾക്കിത്ര ഭംഗിയുണ്ടോ..

പത്തിരുപത്തിയേഴു വർഷത്തിനിപ്പുറം നമ്മുടെയൊക്കെ സന്തോഷം നമ്മൾ തന്നെയാണെന്ന് വെളിപാട് തോന്നിതുടങ്ങിയത് ചിലപ്പോൾ നിലപാടുകൾ നിർവജിക്കാൻ ആകാത്ത എന്തൊക്കെയോ കൊണ്ടാകാം.കുറച്ചു കാലം മുൻപ് നഷ്ട്ടമായിപ്പോയ സൗഹൃദങ്ങൾ, നമ്മൾ പടിയിറങ്ങി പോകേണ്ടി വന്ന നമ്മൾ ജീവിച്ചിരുന്ന കലാലയങ്ങൾ.വഴി മറന്നു പോയയാത്രകൾ.തിരികെ പോകാൻ കഴിഞ്ഞെങ്കിൽ എന്നാ ആഗ്രഹിക്കുന്ന ഭൂതകാലം…. ഒക്കെ ഈ 20 മിനിറ്റ് സന്ധ്യയിൽ ഒറ്റയ്ക്കു നടന്നു നേടിയെടുക്കാൻ കഴിഞ്ഞ നിർവൃതിയിൽ ഞാൻ മെല്ലെ നടന്നു. എന്നെ ആരും ശ്രെദ്ധിച്ചില്ല. എന്താ വൈകിയോ എന്ന ഒരു ചോദ്യത്തിനപ്പുറം അധികമാരും ഒന്നും ചോദിച്ചില്ല. എന്നിട്ടും ഞാൻ മനസ്സിൽ കരുതി അവരൊക്കെ എന്തെങ്കിലും വിചാരിച്ചു കാണുമോ.. എന്തിന് ❓️ എന്ന ചോദ്യവും ഒപ്പം വന്നു… ശരിയാ എന്ത്നാ ❗️

ചിലപ്പോൾഎപ്പോഴൊക്കെയോ കൂട്ടിനാരെങ്കിലും വരുമെന്ന് കരുതി കാത്തു നിന്ന് വരില്ലാന്ന് അറിഞ്ഞു. ഒരു പരിചയവുമില്ലത്തിടത്തു എത്രയോ പ്രാവശ്യം കണ്ണ് നനഞ്ഞു നടന്നു.. അന്ന് നെഞ്ചിൽ തോന്നിയ ഭാരമല്ലേ അതല്ലേ ഇന്നീ വഴികളിൽ ഒറ്റയ്ക്കു നടക്കാൻ കൂട്ടയത്..

കൂടെ മുന്നിലും പിന്നിലുമായി എന്നെ പോലെ വേറെയും ചിലർ നടന്നു.. വീട്ടിലെ ആകുലതയെ പറ്റി ആരോടോ ഫോണിൽ സംസാരിക്കുന്നവർ, തൊഴിലിടത്തെ ആവലാതികൾ കൂടെ വരുന്നവരോട് പറയുന്നവർ.. ഞാൻ അവരെ പിന്നിലാക്കി ചെറിയ ഒരു ചിരി ചിരിച്ചു മുന്നിലൂടെ നടന്നു. എന്റെ ഒരു റിഥമുണ്ടായിരുന്നവരായിരുന്നു എങ്കിൽ ഞാൻ ക്ലാസിക്‌ ആയി പറയുമായിരുന്നു കൊറെയേറെ കാലം ഇങ്ങനെ തന്നെ കടന്ന് പോകും. സ്വന്തം സന്തോഷങ്ങൾ മറ്റുള്ളവരെ പോലെ നമ്മളും കണ്ടെത്തണം അത് ഇഷ്ടമുള്ളയിടത്തു ഒറ്റയ്ക്കു ഇരുന്നായാലും, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാലും, പിന്നെ… നിങ്ങളുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങളിൽ ആയാലും… 😍

ഈ മഞ്ഞുകാലം അവസാനിക്കാറായിരിക്കുന്നു.

വീട്ടിൽ എത്തി കുളികഴിഞ്ഞും അമ്മ ഒന്നും ചോദിച്ചില്ല. ഞാൻ ഓട്ടോയിലാവും വന്നത് എന്ന് കരുതിയിട്ടുണ്ടാവും…

അടുക്കളയിൽ കയറി ഒരു ചൂട് കാപ്പിയിട്ട്. ഫോണിൽ നോക്കി അത് ഊതികുടിക്കവേ പാത്തു ഓടിവന്നു അമ്മ അമ്മേ എന്താ താമസിച്ചേ… ഇന്ന് മീറ്റിംഗ് നു പോയിട്ട് എന്താ വഴക്ക് കിട്ടിയോ… ഇല്ല പാത്തൂ അമ്മയ്ക്ക് ഇന്ന് വഴക്ക് കിട്ടിയില്ല… അവളുടെ കവിളിൽ മെല്ലെ തൊട്ടുകൊണ്ട് ഞാൻ… ചാരു കസേരമേൽ ചാരി കിടന്നു…ഓഹ് നാളെ ഞായറാഴ്ച ആണ് വന്നുവന്നിപ്പോ ഞായർ പോലെ ഇരുണ്ട ഒരു ദിവസം ഇല്ല.

Mother ‘s DAY ❤️❤️❤️

ഏറ്റവും വിപ്ലവംകരമായ ഒരു മാതൃ ദിനം കടന്ന് പോയതിന്റെ അവിശ്വസനീയമായ സന്തോഷത്തിലാണ് ഞാൻ

27 വർഷങ്ങൾ എന്റെ അമ്മയുടെ ജീവിതത്തിലെ mother’s day ഏതൊരു മാറ്റാവുമില്ലാതെ കടന്നു പോയി. രാവിലെ ഉറക്കമുണർന്ന് ഞങ്ങൾക്കൊക്കെ ഭക്ഷണം ഉണ്ടാക്കി, ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഒരു കുറവുമില്ലാതെ നോക്കി അച്ഛന്റെ ഇഷ്ടനിഷ്ട്ടങ്ങൾക്കൊക്കെ വേണ്ടി ജീവിച്ചു സ്വന്തമായി ഒരു ആഗ്രഹം പോലും പറഞ്ഞു കേൾക്കാതെ.. കാലങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. എല്ലാ അമ്മമാരും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു എന്ന് കണ്മുന്നിൽ ഓരോ അമ്മമാരുടെയും ജീവിതത്തിൽ നിന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി വയ്ക്കാൻ കഴിഞ്ഞു.

ഇക്കഴിഞ്ഞ മാതൃദിനം നാട്ടിലെ അമ്മമാർ എല്ലാം ആലപ്പുഴക്ക് ഉല്ലാസയാത്ര പോയി. ഭൂരിപക്ഷം പേരും മക്കളെ പോലും കൂട്ടിയില്ല.ആ വെളുപ്പൻകാലത്തു അവർ ആ യാത്ര ആരംഭിച്ചപ്പോൾ എനിക്കു വല്ലാത്തൊരു അനുഭൂതി… എത്ര മനോഹരമായ പ്രഭാതമാണ് ഉണ്ടാകാൻ പോകുന്നത്. അവരുടെ ഒക്കെ ജീവിതത്തിൽ ഇനി ഒരിക്കലും ചിലപ്പോൾ ആവർത്തിക്കപെടാത്ത ദിവസം.

അച്ഛന്റെ മുഖം വല്ലാണ്ട് ഇരുണ്ടിരുന്നു. അമ്മ പോകുന്നതിൽ ഉള്ള വിഷമത്തിനപ്പുറം അച്ഛന്റെ ഉള്ളിലെ പ്രിവിലേജ് എന്നെ വല്ലാതെ ചിരിപ്പിച്ചു മനസില്ല മനസോടെ അച്ഛൻ അവരെ യാത്രയാക്കി…

മനോഹരം….. അവർ അന്നായിരിക്കണം ജീവിതത്തിൽ ആദ്യമായ് ഒരു മാതൃദിനം ആഘോഷിക്കുന്നത്…. ഞങ്ങൾ മക്കൾ അവരുടെ യാത്ര സ്വാതന്ത്ര്യം ഉൾപ്പെടെ പരോഷമായും പ്രക്ത്യക്ഷമായുമൊക്ക നിഷേധിച്ചപ്പോൾ ഇന്ന് ഞാനുൾപ്പടെ വാട്സ്ആപ്പ്ലും ഇൻസ്റ്റഗ്രാമിലുമൊക്ക സ്റ്റാറ്റസ് ഇടുന്നതിന്റെ വിരോധാഭാസം തിരിച്ചറിയാൻ വൈകി….

🙏🏻🙏🏻🙏🏻

വൈദ്യുതി വിപ്ലവം

തകര ഷീറ്റ് ഇട്ട് വീട് മോഡി കൂട്ടുന്നതിന് മുൻപ് ഓല വീടായിരുന്നു.. അന്ന് എന്റെ വീട് ചെറുതാണെന്ന് എനിക്കു തോന്നിയിട്ടേയില്ല. ഒരു അഞ്ചാം ക്ലസ്സുകാരിക്ക് അങ്ങനെ തോന്നാത്തക്ക വിധം നാട്ടിൽ പുരോഗമനം വന്നതവൾ കണ്ടിട്ടില്ല. റോഡരികിൽ ചേർന്ന് ആ വീട്ടിന്റെ മുറ്റം നിറയെ അമ്മ പൂക്കൾ ഉള്ള ചെടികൾ നട്ടു. എന്നും നിറയെ പൂക്കൾ. അതിൽ അമ്മയ്ക്ക് ഏറെ പ്രിയം മഞ്ഞ റോസയോട് ആണ്. കൂടാതെ അമ്മ ഓമനിച്ചു ഒരു ഡാലിയ വളർത്തുമായിരുന്നു.എത്ര വളർന്നാലും നമ്മുടെ വീട്ടിൽ മാത്രം പൂക്കില്ല എന്ന് വാശിയോടെ വളരുന്ന ഡാലിയ. ഒടുവിൽ ഒൻപതാമത്തെ ഡാലിയയും പൂക്കാതെ വന്നപ്പോൾ അമ്മ മൊത്തത്തിൽ പിഴുതു കൈതോട്ടിൽ എറിഞ്ഞു..

രാത്രി അമ്മ വീണ്ടും ഡാലിയരോദനം പാടിക്കൊണ്ടേ ഇരുന്നു. ഞങ്ങൾ രണ്ടാളുംതിരക്കിട്ട ഹോം വർക്കുകളിൽ മുഴുകി. എത്രയും വേഗം നീല വിളക്ക് കെടും മുൻപ് എഴുതി തീർക്കാൻ ഉള്ള മത്സരം.മൺചുമർ നിറയെ കറുത്ത കരിവണ്ട് കൂടി കൂടി വരുന്നത് അനിയത്തി കണ്ടു പിടിച്ചു ഓരോ വിടവുകളിലും കരിവണ്ടുകൾ.. അമ്മ വഴക്ക് പറഞ്ഞു “പെട്ടന്ന് ആവട്ടെ ചോറുണ്ട് വിളക്കണച്ചു കിടക്കണം “ഇതിനിടയിൽ ഞങ്ങൾ എന്തിനോ വഴക്കും കൂടി. അന്നൊക്കെ രാത്രിക്ക് വല്ലാത്ത നീളമുണ്ടായിരുന്നോ ഉറങ്ങി തീർന്ന് തന്നെ ഉണരായമായിരുന്നു.

അന്ന് ഏറെ സന്ധ്യ ആയിട്ടും അമ്മ മണ്ണെണ്ണ വിളക്ക് കത്തിച്ചിട്ടില്ല. നിലവിളക്കിന് നല്ല വെളിച്ചമുണ്ട് അത്രേ..അത് കേടാറാകുമ്പോൾ വിളക്ക് വയ്ക്കാം. സന്ധ്യ കറുത്ത് കൊണ്ടിരുന്നു വഴിയിൽ തിരക്ക് ഒഴിഞ്ഞു കൊണ്ടേ ഇരുന്നു അമ്മയുടെ മടിയിൽ തല വച്ചു ഞാൻ ചാരി ഇരുന്നു.. പെട്ടന്ന് വെളിച്ചം കുറയുന്നതായി തോന്നി അമ്മ ചാടി എണീറ്റ് നിലവിളിച്ചു ഒരു നച്ചലി നിലവിളക്കിന്റ എരിയുന്ന തിരിയുമായി ഓല കൂരയ്ക്ക് മുകളിലേക്ക്…. എന്ത് കൊണ്ടോ തിരി കേട്ടു അമ്മ പാത്രത്തിൽ വെള്ളം കോരി മുകളിലേക്കു ഒഴിച്ചു… പിന്നെ നിലവിളക്ക് കത്തിക്കാതെ ആയതു ഞാൻ ഓർക്കുന്നുണ്ട്..

ഗൾഫിൽ നിന്നും വെള്ളിയാഴ്ച ആ നീണ്ട ടെലിഫോൺ ബെൽ അയല്പക്കത്തെ വീട്ടിൽ അടിച്ചു ഞങ്ങൾ ഓടി എത്തി അച്ഛനാകും… വല്ലാത്ത സന്തോഷം… കറണ്ടിനു അപേക്ഷിക്കാൻ അച്ഛൻ അറിയിച്ചത് അമ്മയുടെ വാക്കുകളിൽ നിന്ന് മനസിലായി.. പിന്നെ നീണ്ട ഒരു മാസം അച്ഛന്റെ കാശ് വന്നു വീട്ടിൽ വയറിംഗ് നടത്തി പിന്നെ ഒരു ദിവസം വീട്ടിൽ ആകെ പരന്നു ഒരു മഞ്ഞ വെളിച്ചം.. അലമാരയിലെ കണ്ണാടിയിൽ ഞങ്ങൾ വീണ്ടും വീണ്ടും മുഖം നോക്കി നല്ല വെളിച്ചം.. അമ്മയുടെ മനസ്സ് നിറഞ്ഞ സന്തോഷം മുഖത്തു കണ്ടു… ഞങ്ങൾ വല്ലാതെ ആഘോഷിച്ചു.. വെള്ളിയാഴ്ച വരാൻ കാത്തിരുന്നു.. അച്ഛനോട് മഞ്ഞ വെളിച്ചത്തിന്റെ വിശേഷം പറയണം…………..

കുന്നിക്കുരു

നേർത്ത ഇരുട്ടിൽ അയാളുടെ മാറിൽ നിന്ന് തല അലപം ഉയർത്തി അയാളുടെ മുഖത്തേയ്ക്ക് അവൾ നോക്കി. മ്മ് എന്തെ എന്ന അർഥത്തിൽ അയാൾ മൂളി ചോദിച്ചു. തല പതുക്കെ അയാളിലേക്ക് അമർന്നു കൊണ്ട് അവൾ ചോദിച്ചു ” ഈ ഒൻപതു വർഷക്കാലത്തിനിടയ്ക്ക് നീ എപ്പോഴെങ്കിലും എന്നെ പ്രണയിച്ചിട്ടുണ്ടോ ❓️”

പിന്നില്ലാതെ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ഒരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞു

സ്നേഹമായിരുന്നോ എന്നല്ല, പ്രണയിച്ചിട്ടുണ്ടോ എന്നാ… രണ്ടും രണ്ടാണ്

അപ്പോഴേക്കും ഒരു ചെറു ചുടു നിശ്വാസം അവളുടെ കണ്ണിലേക്കു വീണു പതിച്ചു. ” നീ ആ പറയേണ്ട എനിക്കു അറിയാം നീ ഇതേ ചോദ്യം തിരിച്ചു ചോദിച്ചാലും എനിക്കു മറുപടി ഇല്ല. പക്ഷേ…… “

ഞാൻ ആഗ്രഹിച്ചിട്ടുണ്ട് മെല്ലെ എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട്, എന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട്കണ്ണുകളിൽ മാത്രം നോക്കി എന്റെ കാതിൽ മെല്ലെ ആൻസി എനിക്കു നിന്നോട് പ്രണയമാണ് എന്ന് പറയുന്ന നിമിഷം. ഞാൻ ഒത്തിരി സങ്കൽപ്പിച്ചിട്ടുണ്ട് നമ്മുടെ വീടിന്റെ പിന്നാമ്പുറത്തും കതകിൻ മറകിലും തട്ടിൻ പുറത്തും ആരും കാണാതെ ചെറിയ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത്. ആ കിനാവുകളിൽ എന്റെ ഹൃദയം നിറഞ്ഞ പോലെ തോന്നാറുണ്ട്. “

നേർത്ത വെളിച്ചത്തിൽ അയാൾ പുഞ്ചിരിക്കുന്നത് അവൾ കണ്ടു. അറിയില്ലഡോ പക്ഷേ ഞാൻവീട്ടിൽ വന്നു കേറുമ്പോൾ മുതൽ ഇവിടെ നീ ഇല്ലാത്ത ഒരു സെക്കന്റ്‌ പോലും എന്നെ വല്ലാതെ അസ്വസ്ഥതമാക്കും, എനിക്കു ശ്വാസം മുട്ടും. അതിനപ്പുറം എനിക്കു പറയാൻ അറിയില്ല. വിവാഹം കഴിഞ്ഞു ഇത്ര നാളിനിടയിലും നിന്നെ പ്രണയിനിയായ് എനിക്കു തോന്നിയിട്ടില്ല. പക്ഷേ നീ ഇല്ലാത്ത ഒരു ലോകം എനിക്കു ജീവിച്ചു തീർക്കാനും അറിയില്ല. നീ കണ്ടിട്ടില്ലേ കുന്നിക്കുരു അത് ചുവപ്പിൽ കറുപ്പ് ആണോ കറുപ്പിൽ ചുവപ്പാണോ എന്ന് എനിക്കു അറിയില്ല… അത് പോലെ ഒരു ഉത്തരം എനിക്കു തരാനും……

അവൾ അയാളുടെ ഇടതു കണ്ണിൽ അമർത്തി ചുംബിച്ചു കൊണ്ട് മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു

മാറേണ്ട ചില പ്രിവിലേജുകൾ

എഴുതാൻ മാറ്റിവച്ചു കൊണ്ട് ഡ്രാഫ്റ്റ് പേജിൽ കുന്നു കൂടി കിടക്കുന്ന ഒരുപാട് ബ്ലോഗ്കൾക്ക് പുറമെ എന്ത് കൊണ്ട് ഇന്ന് പുതിയൊരു പേജ് എഴുതാൻ തോന്നി എന്നത് എന്നെ വളരെ അധികം ചിന്തിപ്പിക്കുകയാണ്. ഒരു തലകെട്ടിനു വേണ്ടി ഒത്തിരി നേരം ബാക്ക് സ്‌പേസ് അടിച്ചു കൊണ്ടേ ഇരുന്നു.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പോസ്റ്റ്‌ വല്ലാതെ മനസ്സിൽ തട്ടി.

അടുക്കളയിൽ നിങ്ങൾ ആരും സേഫ് അല്ല പെണ്ണുങ്ങളെ… എന്ന ഒരു ഹെഡിൽ വന്ന ഓരോ ഓർമ്മപ്പെടുത്തലുകൾ

എന്ത് കൊണ്ട് അങ്ങനെ ഒരു തലക്കെട്ട് ഉണ്ടായി. നമ്മളിൽസ്ത്രീകളിൽ ഭൂരിപക്ഷം പേരും പരിഭവം പറഞ്ഞു മാത്രം മാറ്റി നിർത്തിയിരുന്ന ചില വിലപിടിപ്പുള്ള ഏടുകൾ. നമ്മൾ ചെയ്യുന്ന അനേകം ജോലികളിൽ നമുക്ക് കിട്ടുന്ന റിസൾട്ട്‌ എന്താണ്. ഒരിക്കലെങ്കിലും നിങ്ങൾ കേൾക്കാൻ ആഗ്രഹിച്ചവർ പറഞ്ഞിട്ടുണ്ടോ നീ ഉണ്ടാക്കിയ തോരൻ നന്നായിരുന്നു എന്ന്, എത്ര രുചിയുള്ള പായസംമായിരുന്നു എന്ന്, നീ അടുക്കള മനോഹരമാക്കി വച്ചിട്ടുണ്ട് നമുക്ക് ഇവിടെ ഒരുമിച്ചിരുന്നു ഒരു ചായകുടിച്ചാലോ എന്ന്, നീ ബുക്കുകളും ചെടികളും മാനോഹരമായി അറേൻജ് ചെയ്തിട്ടുണ്ടെന്ന്…

എന്തിന് വേറെ,,..നീ ജോലി ചെയ്തു ക്ഷീണിച്ചു വരുമ്പോൾ നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് ഞാൻ ഒരു ചായ ഇട്ടു തരാം..ആ ക്ഷീണത്തിന് അപ്പുറം ബാക്കിയുള്ള ജോലികൾക്കിടയിലേക്ക് ഊഴ്ന്ന് ഇറങ്ങുമ്പോൾ ഒരു കൈ സഹായം……..

പിന്നെ ആരെ ബോധിപ്പിക്കാൻ ആണ് മനോഹരമായൊരു അടുക്കയും സിങ്കും, തുടച്ചു വൃത്തിയാക്കിയ തറയും, മാറാല അടിച്ച ഉത്തരവും അടുക്കി വച്ച തുണികളും, വിരിപ്പ് മാറി വിരിച്ചിട്ട് കിടക്കയും, തുടച്ചു മാറ്റിയ ജനൽ കമ്പികളും മിനുക്കിയിട്ട് വാഷ് ബെയ്‌സിനും… ഒക്കെ ആരെയാണ് ബോധിപ്പിക്കേണ്ടത് നാളത്തേക്ക് മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞു പോകുമോ എന്ന് ചിന്തിച്ചു മാറ്റി വച്ചപ്പോൾ മാത്രം കേറി വന്നു അഭിപ്രായം പറഞ്ഞ ബന്ധുവിനെയോ, നാട്ടുകാരെയോ.. ❓️

അടുക്കളയിൽ നിന്ന് പുറം ലോകത്തേയ്ക്ക് വളർന്ന ആരെയും നമുക്കാർക്കും അറിയില്ല.കണ്ടും കേട്ടും ദ്രവിച്ചു തുടങ്ങിയ ചില പ്രിവിലേജുകളുടെ നടുവിൽ ഒരു ദിവസമെങ്കിലും നടുവേദന ഇല്ലാതെ ഉറങ്ങാൻ വേണ്ടി എങ്കിലും ചിലതൊക്കെ മാറ്റി വയ്ക്കൂ… നിങ്ങളുടേതായി ഒരു ദിവസമെങ്കിലും പടുത്തുയർത്തൂ…. പുറത്ത് അതിവിശാലമായ ഒരു ലോകം ഉണ്ട് . പുസ്തകങ്ങളുടെ, യാത്രകളുടെ, അതിജീവനത്തിന്റ, പുനർജീവനത്തിന്റെ സ്വയം പര്യാപ്തതയുടെ ലോകം.

തിരിച്ചറിവിന്റെ കാലം വരും…എല്ലാരും അന്ധതയിൽ നിന്ന് പുറത്ത് വരും… കാത്തിരിക്കാൻ സമയമില്ല പ്രവർത്തിച്ചു തുടങ്ങിയേ മതിയാകൂ… ജീവിതം വളരെ കുറച്ചേ ഉള്ളു…..മനസിന്‌ ജരാനര ബാധിച്ചു തുടങ്ങാൻ അധികകാലം വേണ്ട…

എല്ലാർക്കും ഇതൊക്കെ ഉൾക്കൊള്ളണമെന്നില്ല. അന്ധത മാറി വെളിച്ചം വരും വരെ എല്ലാർക്കും ഇരുട്ട് തന്നെ ആണ് സത്യം 🙏🏻

പഴയൊരു മേഘമൽഹാർ…

നഷ്ട പ്രണയമോ ❓️വിഡ്ഢിത്തം ആണ് കുട്ടി അത്… അങ്ങനെ ഒന്നില്ല മനസിലെ പ്രണയം നഷ്ടമായിന്ന് നമുക്ക് കരുതാം പക്ഷേ കൂട്ട് നിന്ന പ്രകൃതിയെ, സാഹചര്യങ്ങളെ നിനക്ക് പറ്റിക്കാൻ കഴിയുമോ, അയാൾ പൊട്ടിച്ചിരിച്ചു. അങ്ങനെ ചിന്തിക്കണമെങ്കിൽ പ്രണയം ആരംഭിച്ചു വച്ചവർ രണ്ടുപേരും മണ്ണടിയണം….തന്റെ ഭാര്യയുടെ മുടിയിഴകളിൽ തഴുകി അയാൾ നിശബ്ദതനായി.’തന്റെ ഭാര്യക്ക് ഒരു നഷ്ടം പ്രണയമുണ്ടായിരുന്നു’ എന്ന് അവൾ ഇത്രയേറെ വർഷങ്ങൾക്ക് ശേഷം എന്ത് കൊണ്ടാകും എന്നോട് പറഞ്ഞത്. അവളുടെ മുഖത്തേക്ക് നോക്കി അവളുടെ മനസ്സും ശരീരവും ഒരുപോലെ നിശബ്ദമാണെന്ന് എനിക്കു തോന്നി.
“ശരി ആരായിരുന്നു അയാൾ”ഞാൻ അവളുടെ മടിയിൽ തല ചായിച്ചുകിടന്ന്കൊണ്ട് ചോദിച്ചു. അല്ലെങ്കിൽ വേണ്ട അത് നിന്റെ മാത്രം സ്വകാര്യതിയിൽ ഇരിക്കട്ടെ എനിക്കു അത് അറിയണ്ട.

അത് ഒരു പക്ഷേ ഭാര്യയുടെ പൂർവബന്ധം അറിയാൻ താല്പര്യമില്ലത്ത ഒരു ഭർത്താവിന്റെ സ്വാർത്ഥത ആണോ അവൾ ചെറു ചിരിയോടെ ചോദിച്ചു.. ഹാ…കൊള്ളാം ഞാൻ ഒരിക്കലും അത് ചിന്തിച്ചില്ല അത്‌ കൊണ്ടല്ലടോ പൂർണ്ണ പവിത്രതയോടെ നീ അത്‌ നിന്റെ മനസ്സിൽ സൂക്ഷിച്ചു കൊള്ളൂ നഷ്ടമാകാത്ത പ്രണയത്തിന്റെ തലത്തിൽ തന്നെ . യഥാർത്ഥത്തിൽ അതല്ല ആരാണെന്നു പറഞ്ഞു തരാൻ എനിക്കു അറിയില്ല.

അത് കൊള്ളാല്ലോ കുട്ടി ആരന്ന് അറിയാതെ ആണോ തമ്മിൽ സ്നേഹിച്ചത്.. അതിന് തമ്മിൽ സ്നേഹിച്ചെന്ന് ആരാ പറഞ്ഞത് ഇഷ്ടം എന്റെത് മാത്രമായിരുന്നു. അത്‌ കൊണ്ട് ഞാൻ അത് പ്രണയമായി കൂട്ടിയില്ല.

എന്നിട്ടാണോ നഷ്ടപ്രണയത്തിന്റെ കണക്കിൽ ചേർത്ത് നീ കൂട്ടി വായിച്ചത്.അതേ….പെട്ടെന്നൊരിക്കൽ കണ്ടു കൊണ്ടിരുന്ന മനോഹരമായ സ്വപ്‌നങ്ങൾ കാണാതായി.. മാഷേ അതൊരു പ്രണയമായിരുന്നില്ല സൗഹൃദവും.. മറ്റെന്തോ ഒന്ന് അതീവ സുന്ദമായ കാടിന് നടുവിൽ ഒരു നിശബ്ദമായ വെള്ളച്ചട്ടം ഞാൻ ഒറ്റയ്ക്ക് ആസ്വദിച്ചിരുന്ന പോലെ ഒരു അനുഭവം.. കൊള്ളാം മനോഹരം തന്നെ ഇത്രയേറെ തന്നെ മനോഹരമായ് ഞാൻ കണ്ടത് മേഘമൽഹാറിലെ രാജീവനിലും നന്ദിതയിലുമാണ്… ഏയ്‌ എനിക്കു അങ്ങനെ തോന്നുന്നില്ല എന്റെ മാത്രം മരീചിക പോലെ കാരണം എനിക്കു ആരെന്നോ എന്തെന്നോ അറിയില്ല ഒരിക്കൽ പോലും 4 സെക്കൻഡ് നപ്പുറം ഞാൻ കണ്ടിട്ടില്ല ഒരു ശബ്ദം പോലും കേട്ടിട്ടില്ല പക്ഷേ എനിക്കു ഫീൽ ചെയ്തിരുന്ന ഒന്നുണ്ടായിരുന്നു.. ഓരോ വരവും ഞാൻ അറിഞ്ഞു പിന്നീട് എന്നെ ആ വരവ് അറിയിക്കാറുണ്ടെന്നും തോന്നിയിരുന്നു.

നീ ഒരിക്കലും അയാളെ പറ്റി അറിയൻ ശ്രമിച്ചില്ലേ.. ഇല്ലാന്ന് പറഞ്ഞാൽ അതൊരു നുണയാണ് ഞാൻ പരോക്ഷമായൊക്കെ ശ്രമിച്ചു അങ്ങും ഇങ്ങും എന്തൊക്കെയോ അറിഞ്ഞൂന്നല്ലാതെ എനിക്കു പിന്നീട് അതിനോടൊരു താല്പര്യം ഇല്ലാതെയായ്. അത് എന്താ…… ” അറിയില്ല ” എന്നിട്ട്.. എന്നിട്ട് എന്തായി. എന്താവാൻ ഒരുപാട് കഥകളായി കവിതകളായി വർണ്ണനകളായി എന്റെ എത്രയോ ഡയറികൾ കഴിഞ്ഞുപോയ് ☺️ പിന്നെ പിന്നെ പുതിയ ജീവിതം പുതിയ തിരക്കുകൾ അവസാനിച്ചൊരു കോളേജ് ജീവിതം പോലെ മനോഹരമായ കൊറേയേറെ സ്മരണകൾ….

ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ തോന്നിയില്ലേ നിനക്ക് ❓️അതിന്റ സത്യാവസ്ഥ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.. കാരണം എനിക്കൊരിക്കലും അയാളെ വിവാഹം കഴിക്കാൻ തോന്നിയില്ല കാരണം precious ആയി തോന്നിയ എന്തോ ഒന്ന് ഹൃദയത്തിൽ തന്നെ സൂക്ഷിക്കാൻ എനിക്കു തോന്നി..

തമ്മിൽ ദീർഘനേരത്തെ മൗനം… പുറത്ത് നല്ല മഴയാണല്ലോ… അയാൾ മന്ത്രിച്ചു എനിക്കു പെയ്തു തോർന്നു…………. നിന്റെ ആ പ്രണയകാലത്തിന്റ ഓർമ്മകളിൽ മഴയുണ്ടായിരുന്നോ ❓️…. ഇല്ല അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഇലകൾ കൊഴിയുന്ന ശിശിരമായിരുന്നു……..

പക്ഷേ ഓരോ മഴക്കാലവും ഞാൻ ആസ്വദിക്കുകയാണ്… അവൾ അയാളുടെ കൈകളിൽ മുറുകെ പിടിച്ചു… ആ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു കൊണ്ടായാൾ അവളുടെ മടിയിലമർന്നു കിടന്നു……………

%d bloggers like this: